ആസ്ത്മ

ആസ്ത്മ

കറുത്തവാവിന്റെ ജന്മം എല്ലാ മാസത്തിലും  ഞാൻ അറിയുന്നത് എന്നിലെ മാറ്റങ്ങളിലൂടെ  ആണ്.
ശ്വാസം എത്ര വലിച്ചാലും ഉള്ളിലേക്കു പോകാതെ ആകും..
ഒരു കുറു കുറു ശബ്‌ദം ശ്വാസനാളങ്ങളിൽ നിന്നും വരാൻ തുടങ്ങും.
എത്ര വലിച്ച് ശ്വാസമെടുത്താലും വായു കിട്ടാതാകും. നെഞ്ച് വലിയ താളത്തിൽ ഉയർന്നുതാഴും. വയറും.എങ്കിലും എത്ര വലിച്ചെടുത്താലും ഒരു മതിയായ്ക...ഇനിയും ശ്വാസമെടുക്കണം എന്ന തോന്നൽ..

രണ്ടടി നടന്നാൽ പത്തുമിനിറ്റ് നിൽക്കണം.അടുത്ത വരി അളക്കാൻ കാലുകൾക്ക് ശക്തി ഇല്ലായ്മ...

അമ്മ പറയും.
ചെക്കന് വീണ്ടും ഏക്കം വന്നു. ഈ കറുത്തവാവിന് കൂടുതലാണല്ലോ... എന്താവും ആവോ...

ഞാൻ വിചാരിക്കും ,എന്നാണാവോ ഈ വാവ് കഴിയുക ..
കറുത്ത വാവെന്നത് ഒരു ഇരപിടിക്കൽ സമയമാണ്.
വാവ് ഒരു വലിയ പാമ്പാണ്‌.
ഇര ഞാനും.
അതിന്റെ പിടിയിൽ പെട്ടു കഴിഞ്ഞാൽ പിന്നെ ഇളകണ്ട, ചിരികണ്ട .

അങ്ങനെ ഒന്നിനും വയ്യാതെ ,ഒന്നിലും ചേരാതെ ,കളിക്കാതെ ,ചിരിക്കാതെ ,ഉറങ്ങാതെ അസ്വസ്ഥമായി കാത്തിരിക്കാം..
സമയം  അതുതന്നെ ഉള്ളു പ്രധിവിധി..
കറുത്തവാവ് അവസാനിക്കുന്ന സമയം നാം പിടിയിൽ നിന്നും രക്ഷപെടും ...അടുത്ത വാവുവരെ ...

നമ്മൾ ഉള്ളിലേക് എടുക്കുന്ന ശ്വാസം എവിടെ പോകുന്നു എന്നറിയാതെ, ദൈന്യതയിൽ ഇരിക്കുമ്പോ ഓരോരുത്തർ ഓടി നടക്കും ചുറ്റും..ഇടക്ക്  നമ്മളൊന്ന് ഇളകിയാൽ ഒരു നോട്ടമുണ്ട് ,പാവം ,എത്ര കഷ്ടപ്പെടുന്നു എന്ന ദൈന്യതയിൽ ..അതു കണ്ടാൽ എന്റെ മനസ്സിൽ തിരയിളകും.. ദേഷ്യത്തിന്റെ തിരകൾ..

പക്ഷെ വീണ്ടും ആഞ്ഞു വലിക്കാം .. ശ്വാസം നിർത്തി എന്തെങ്കിലും പറയാൻ കഴിയണ്ടേ...

അമ്മ ഒരു കുപ്പി തരും.
പൊയ്ക്കോ ,വൈദ്യരുടെ അടുത്ത്‌ .വല്ല മരുന്നും തരാൻ പറയ്....

അസുഖം ഇല്ലെങ്കിൽ ഞാൻ ഓടിയാണ് കടയിലേക്ക് പോകുക..
അമ്മ പറയും, ടാ ,എന്തിനാ ഓടണേ ,കട എങ്ങണ്ടെങ്കിലും പോവോ...

അസുഖം ഉള്ളപ്പോൾ ഞാൻ നടക്കും എന്ന് പറയാൻ പറ്റില്ല.
 ഇഴയും.. ശരിക്കും.
ഒരു കുപ്പി കയ്യിൽ വച്ച് നാലടി നടന്നാൽ കുറച്ചിരിക്കും..റൊട്ടിൽ .അപ്പൊ ആരെങ്കിലും വരുന്നുണ്ടെന്ന് കണ്ടാൽ നിൽക്കാൻ നോക്കും..

അവര് പറയും..
ടാ ... ഏക്കം ആണല്ലേ.പതുക്കെ നോക്കി നടന്നോ...

വൈദ്യര് യാതൊരു താത്പര്യവും കാണിക്കാതെ ഒരു മരുന്ന് തരും....
വെറുതെ .
അത് കഴിച്ചാൽ ഒന്നും ആകില്ലെന്ന് അദ്ദേഹത്തിന്റെ മുഖം പറയും...

 ആസ്ത്മയുള്ള  സമയത് എല്ലാരും പറയും.
ഈ അസുഖത്തിന്റെ നാൾവഴി.
ചെറിയച്ഛൻ വഴി കിട്ടീതാ ഇവന്..
അങ്ങനെ ആണത്രേ .
കുടുംബത്തിൽ ആർക്കെങ്കിലും ആസ്ത്മ വന്നാൽ പിന്നെ അത് അടുത്ത തലമുറയിലെ ആർക്കെങ്കിലും വരും ,
ഉറപ്പ്‌.
എന്റെ ഒരു ചെറിയച്ഛൻ ആസ്ത്മക്കാരനാണ്.

ഉണ്ണിമ്മാമ.

ഭയങ്കരവലി ആണ്. പരീക്ഷിക്കാത്ത മരുന്നുകൾ ഇല്ല. ആരോ ഒരാൾ പറഞ്ഞു.സിംഹത്തിന്റെ മൂത്രം ആസ്ത്മ മാറ്റും.മൃഗശാലയിൽ ആരെയോ പിടിച്ച് ഒരു കുപ്പി സിംഹമൂത്രം കൊണ്ട് വന്ന് വച്ചു.അടുത്ത ആസ്ത്മ വലിവിന്റെ സമയത്തു ഒരു പഴത്തിൽ ഒര് തുള്ളി ഒളിപ്പിച്ചുവച് കഴിക്കാൻ.
ആ പ്രവശ്യത്തെ വലി കൂടുതൽ ആയിരുന്നു. ശ്വാസം കിട്ടാത്ത ദൈന്യതയിൽ പഴം തിരഞ്ഞില്ല. കുപ്പിയിൽ നിന്നും നേരിട്ടു വായിലേക്ക് ആ ആസിഡ് ഒഴിച്ചു.ചങ്ക് പൊട്ടി ചോര ഒലിച്ചു..
ആസ്ത്മ ആരും ശ്രദ്ധിച്ചില്ല .ജീവൻ കിട്ടുമോ എന്നായി ശ്രദ്ധ.ആസ്പത്രിയിലേക് കൊണ്ടോടി,
അവിടെ കിടന്നു ദിവസങ്ങളോളം,രക്ഷപെടാൻ....

അങ്ങനെ അങ്ങനെ ഇത്തിരി ഒത്തിരി പരീക്ഷിച്ചതാണ്.

എനിക്ക് ഒപ്പം എന്റെ അനുജത്തിക്കും ആസ്തമ ഉണ്ടായിരുന്നു. ആസ്ത്മയുടെ പരീക്ഷണങ്ങൾ ഞങ്ങളുടെ വീട്ടിലും  തുടർന്നു.

ആരോ പറഞ്ഞു..
 അണ്ണ നല്ല മരുന്നാണ്..ഒരു ദിവസം വീട്ടിൽ പുറത്ത് വച്ച കരിമ്പനയുടെ പട്ടയിൽ ഓടികളിച്ചിരുന്ന അണ്ണാന്റെ മുകളിൽ ഒരു വടികൊണ്ടടിച്ചു..രണ്ടെണ്ണം ചത്തു.അണ്ണക്കൊരു പ്രത്യേകത ഉണ്ടത്രേ.കൊന്നാൽ ഉടൻ അതിനെ പാചകം ചെയ്യണം .അല്ലെങ്കിൽ പുഴു വരും..അങ്ങനെ ഉടൻ തന്നെ അണ്ണയെ വരട്ടി..ഉടൻ തന്നെ തിന്നു..
ആരോ പറഞ്ഞു.തവളക്കാൽ സൂപ്പ് ആസ്ത്മ മാറ്റും..ഒരു ദിവസം വീട്ടിൽ വന്നപ്പോ സൂപ്പ് കിട്ടി..കോഴി സൂപ്പ് ആണെന്നാണ് പറഞ്ഞത്.. കഴിച്ചതിന് ശേഷം ചോദിച്ചു.. സ്വദേങ്ങനെ?
ഞാൻ പറഞ്ഞു, പെരുത്തു നല്ലത്..
പിന്നെ കുറെ ദിവസത്തിന് ശേഷം ആണ് പറഞ്ഞത്.. അത് തവളയുടെ സൂപ്പ് ആയിരുന്നു...
തണുപ്പ് കാലത്തു അസുഖം കൂടുതൽ ആവും. നെല്ല് കുത്തുന്ന മില്ലിന്റെ അടുത്തു പോയി നിന്നാൽ ,അരിയുടെ മണം ശ്വസിച്ചാൽ, മണ്ണെണ്ണയുടെ മണം ശ്വസിച്ചാൽ,പൗഡർ ഇട്ടാൽ  .....

അങ്ങനെ അങ്ങനെ ആസ്ത്മ എന്റെ ജീവിതത്തിൽ എന്നെക്കാൾ വലിയ കഥ ആയി നിൽക്കുമ്പോൾ എനിക്കൊരു ബോധോദയം വന്നു. ഈ ആസ്ത്മയെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ടോ ?...

അങ്ങനെ ആണ് അത് അറിഞ്ഞത്..
എനിക് കുറെ മണവും പൊടിയും അലര്ജി ആണ്..പിന്നെ ഉള്ളതെല്ലാം എന്റെ മനസ്സിലാണ്..

മനസ്സിൽ ഞാൻ വിചാരിക്കാൻ തുടങ്ങി..എനിക്കൊരു അസുഖവും ഇല്ല..ഉള്ളത് അലര്ജി മാത്രം.അവയെ ഉപേക്ഷിക്കുക ..പിന്നെ മനസ്സിനോട് ഞാൻ എന്നും പറയും.. നീ പൂർണ ആരോഗ്യവാൻ .
.എല്ലാരേം പോലെ ..
എല്ലാരേം പോലെ .....

ഇപ്പോ എനിക് ആസ്ത്മ എന്നത് എന്താ എന്ന്‌ തന്നെ അറിയില്ല...

Comments

Popular posts from this blog

MOITHU

A beggar.