ഒരു വള്ളുവനാടൻ ജീപ്പ് യാത്ര

ഒരു പുസ്തകം വായിക്കാൻ ശ്രമിക്കുക ആണ്..
കെ ആർ വിശ്വനാഥന്റെ ദേശത്തിന്റെ ജാതകം..
ഒരു മൂന്നു നാല് പേജിൽ മുന്നോട്ട് പോകുന്നില്ല ..

ആദ്യപേജിൽ തന്നെ ഒരു ജീപ്പ് യാത്രയാണ് വിവരണം..
കുണ്ടും കുന്നും ഉള്ള ഒരു ഗ്രാമത്തിന്റെ ഉള്ള് കാണാൻ ഉള്ള  യാത്ര ..

ജീപ്പിൽ ആണ് യാത്ര ..ഇടക്ക് മുരമ്പി കുശുമ്പോടെ ജീപ്പ് യാത്രനിർത്തി..
ഞാൻ വായനയും.

ഞാൻ ട്രെയിനിൽ ആണ്..വാപിയിലേക്..എന്റെ ട്രെയിനും കുറെ നേരമായി നിർത്തി ഇട്ടിരികയാണ്.. ഇതേ വഴിയിൽ പോകേണ്ട ഇന്റർസിറ്റി അതിവേഗ ട്രെയിനിന് വഴികൊടുക്കാൻ ഇടകിട്ടിരിക്ക ആണ് ..

നമ്മടെ ട്രെയിനിന് ചോദികാനും പറയാനും ആരും ഇല്ലല്ലോ..
വെറും പാസഞ്ചർ അല്ലെ ...

ഞങ്ങടെ നാട് പുറമത്ര..
പാലക്കാടിന്റെ ഒരറ്റത്ത് മലപുറവുമായി ഒരു പുഴയുടെ കൊഞ്ചുന്ന ഒഴുക്കിൽ വിഭജനം ...

1980 നോടടുത്തുള്ള കാലത്തു ഞങ്ങൾക്ക് ഒരു നല്ല റോഡ് പോലുമില്ല..
വീതി നന്നായികുറഞ്ഞ പാമ്പുപോലെ വളയുന്ന പഞ്ചായത്ത് റോഡ് ആണ് ആകെ ഉള്ളത്..അതിനെ ചേർത്ത് ഉള്ള ഊടുവഴികളും....

നാട്ടിലെ പ്രധാന 'സിറ്റിയുടെ' പേര് അതിനും പഴയകാലത് ആലിഞ്ചോട്... പിന്നെ അതിനെ പച്ചപരിഷ്ക്കാരികൾ  പരിഷ്‌കരിച്ചു മാറ്റി കേളപ്പൻ സിറ്റി എന്നാക്കി..

പരിഷ്കരിച്ച കേളപ്പൻ സിറ്റിയെ ഞാൻ കണ്ടിട്ടുള്ളൂ..അവിടെ  മാധവൻ നായരുടെ അടഞ്ഞുപോയ ചായക്കട , ഇണ്ണിആക്കയുടെ പലചരക്ക് പെട്ടിക്കട , മെയ്തീനാക്കയുടെ ചായക്കട , കുറച്ചൂടെ നടന്നാൽ വൈദ്യരുടെ ആയുർവേദമരുന്നു കട എന്നിവ..
നമ്മൾ  റൊട്ടിലൂടെ നടക്കുമ്പോ മെയ്തീനാക്കയുടെ സമോവരിൽ വെള്ളം തിളക്കുന്ന ശബ്ദം കേൾക്കും..തിളക്കുന്ന വെള്ളം സമോവരിന്റെ മുകളിൽ വെച്ച പ്ലേറ്റിനെ ഇളക്കുകയും ഒരുതരം സംഗീതം പുറപ്പെടുവിക്കുകയും ചെയ്യും..കഥകളും രാഷ്ട്രീയവും പറഞ്ഞൊഴിയുമ്പോ ഒരു ചായ എന്ന് പറയുന്ന നാട്ടുകാരന്റെ ആവശ്യത്തിൽ മൊയ്തീനാക്ക സമോവറിൽ നിന്നും തിളച്ച വെള്ളം ഒരു കുണ്ടുള്ള കോപ്പയിലേക് ഒഴിക്കും..ആ കോപ്പയുടെ മുകളിൽ ഉള്ള അരിപ്പയിൽ  ചായപ്പൊടി ആവശ്യത്തിനു കടുപ്പവും കുറച്ച് കളറും ആ വെള്ളതിന്‌ നൽകുകയും പിന്നെ മൊയ്തീനാക്ക ഒരു കഥകളികാരന്റെ നാട്യചാരുതയോടെ ഒരു ഗ്ലാസ്സിൽ ഒരു  സ്പൂണ് പാലും വെള്ളവും  പഞ്ചസാരയും ഇട്ട്‌ ആ ഗ്ലാസ്സിനെ ഒരു കയ്യിൽ പതിയെ എടുത്ത്  മറ്റേ കയ്യിൽ ഉള്ള ആവികോപ്പയെ ആകാശത്തെക്കുയർത്തി ഒരു വെള്ളച്ചാട്ടം പോലെ ആവി പറക്കുന്ന വെള്ളം താഴെ ഉള്ള ഗ്ലാസ്സിലേക് പകരും...
വല്ലാത്ത ഈണം....
വല്ലാത്ത ദാർശനികത ...
അങ്ങനെ ആണ് ദാര്ശനികത നിറഞ്ഞ പാലുകുറഞ്ഞ കടുപ്പമുള്ള ചായ ഉണ്ടാക്കിയിരുന്നതെന്ന് ചരിത്രം.

സമോവറും കുണ്ടുള്ള കോപ്പയും പിഞ്ഞാണവും കാലയവനികയിൽ മറഞ്ഞപ്പോ ദര്ശനികതയുള്ള ചായ ഇല്ലാതാവുകയും ചെയ്തു.

അപ്പോ ഞങ്ങൾ എന്തെങ്കിലും കൂടുതൽ സാധനങ്ങള് വാങ്ങണം എങ്കിൽ പോയിരുന്നത് മുളയങ്കാവ് സിറ്റിയിൽ..
നടന്ന് പോണം.
എന്റെ വീട്ടിൽ നിന്നും നടന്നാൽ ഒരു മുപ്പത് നാല്പതു മിനിറ്റ് എടുക്കും..
അവിടെ എത്തിയാൽ പിന്നെ ലോകത്തേക്കുള്ള വാതിൽ തുറക്കും..
മുളയങ്കവിൽ അമ്മയുടെ അനുഗ്രഹം വാങ്ങിക്കാം..പിന്നെ 'മായ' ബസിൽ തൃശ്ശൂരിൽ പോകാം..
കൊപ്പം ശോഭയിൽ പോയി സിനിമ കാണാം..

ഇതെല്ലാം പൈസ ഉള്ളവർ പറഞ്ഞറിഞ്ഞതാ ...

 1980 കളിൽ ഞങ്ങടെ നാട്ടിലെ പഞ്ചായത് റോഡ്‌ വികസനം വന്നു. നെല്ലായ മുതൽ മപ്പാട്ടുകരവരെ റോഡിന് വീതി കൂട്ടി.. ചില ഭാഗങ്ങളിൽ വലിയ വലിയ കല്ലുകളും മണ്ണും ചരലും എല്ലാം ഇട്ട് റോഡ് വേണമെങ്കിൽ നാല് ചക്ര വാഹനങ്ങൾ സഞ്ചരിക്കാം എന്ന രീതിയിൽ ആക്കി..

അങ്ങനെ ദാ, കാറിലോ ജീപ്പിലോ ഞങ്ങൾ കയറാം എന്ന് പറഞ്ഞിരിക്കുമ്പോ ആണ് ആദ്യത്തെ മാറ്റഡോർ സർവിസ് അവിടെ തുടങ്ങിയത്...
പുറമത്ര മുതൽ നെല്ലായ വരെ..
പുറമത്രയിൽ രാവിലെ 11 മണിക് പുറപ്പെടുന്ന മാറ്റഡോർ.. പിന്നെ വൈകുന്നേരം 4 മണികും.
സമയം ഒരു ഊഹകണക്കാണ്..
ശരിക്കും പറഞ്ഞാൽ രാവിലെ 10 മണിയോടെ വണ്ടി വന്ന് നിന്നാൽ അതിൽ ആളുകൾ നിറയാൻ ഒരൊന്നൊന്നര മണിക്കൂർ എടുക്കും..
അതേ പോലെ തന്നെ വൈകുന്നേരവും..
ഇടക്കിടക്ക് അത് പണിമുടക്കും.. അപ്പൊ എല്ലാർക്കും നടന്ന് പോകാം ബാക്കി ദൂരം...അങ്ങനെ അങ്ങനെ ഞങ്ങൾ മുളയങ്കാവിനെ മറക്കാൻ പഠിച്ചു..
ചേർപ്ലശ്ശേരിയെ ഇഷ്ടപെടാനും..
നെല്ലായയിൽ നിന്നും ചേർപ്ലശ്ശേരിക് ബസ് കിട്ടും..

മാറ്റഡോർ ഏതോ പുറം നാട്ടുകാരുടെ മുതൽ മുടക്കായിരുന്നു.. അതിലൂടെ ജനങ്ങൾ യാത്രശീലം പടിച്ചപ്പോ ഞങ്ങടെ നാട്ടിലെ മുയലാളിമാർ ഉണർന്നു.. അവർ ജീപ്പ് വാങ്ങിച്ചു..എല്ലാ മണിക്കൂറും ജീപ്പുകൾ മപ്പാട്ടുകരയിൽ നിന്നും ചേർപ്ലശ്ശേരിക്‌ ഓടാൻ തുടങ്ങി..
ജീപ്പിന്റെ യാത്ര വളരെയധികം രസമാണ്.ജീപ്പിന്റെ ഇരുത്തിന് അതിന്റെതായ അധികാരശ്രേണി ഉണ്ടായിരുന്നു..
ഡ്രൈവറുടെ അടുത്തു മുൻപിൽ നാലാൾ ഇരിക്കും..അതു നാട്ടിലെ പ്രമാണികൾ(പ്രമാണികൾ എപ്പോഴും പുരുഷന്മാർ ആണല്ലോ),പിന്നിൽ രണ്ടു വശത്തെ സീറ്റിലും നാലാൾ വീതം ,അത് പൊതുവെ സ്ത്രീകൾ,കുട്ടികൾ ,വയസ്സായവർ എന്നിവർക്ക് മുൻഗണന ഉള്ള സീറ്റ് ആണ്.. പിന്നിലെ വാതിൽ അടച്ചു അതിൽ രണ്ടാൾ ,
ജീപ്പിന്റെ പുറത്ത് രണ്ട് വശത്തും രണ്ട്‌ രണ്ട് പേർ ,പിന്നിൽ ജീപ്പിന്റെ പുറത്ത് കിളി അടക്കം മൂന്നോ നാലോ പേർ....
ഈ ജീപ്പിന്റെ പുറത്തെ യാത്രക്കാർ മുഴുവൻ ന്യൂ ജനറേഷൻ ആയിരിക്കും...അവർക്ക് യാത്രസമയത്തു ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടും....

റോഡിലെ കുണ്ടും കുഴിയും വളവും തിരിവും പൊടിയും ഇടയിലൂടെ ഓടുന്ന ജീപ്പിന്റെ ചുറ്റും നിറയെ ആടി ആടി ആളുകളും..  

അങ്ങനെ പുറം നാട്ടുകാർക്ക് മുളയങ്കാവുകാരായിരുന്ന ഞങ്ങൾ ചേർപ്ലശ്ശേരികാരായി.....

ഞങ്ങളും പറയും
എവിടെയാ നാട്?

ചേർപ്ലശ്ശേരി...
യാത്ര

Comments

Popular posts from this blog

MOITHU

A beggar.